പൊതുമേഖലയിലെ ജീവനക്കാർക്ക് കഴിഞ്ഞവർഷം നൽകിയതിൽ കുറവ് വരാത്തവിധം ഇത്തവണയും ബോണസ് അനുവദിക്കും
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞ വർഷം നൽകിയ ബോണസിൽ കുറവ് വരാത്ത വിധം ഇത്തവണയും ബോണസ് അനുവദിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബോണസ് വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ അടിയന്തര പ്രാധാന്യം നൽകി ഇടപെട്ട് ബോണസ് തർക്കങ്ങൾ പരിഹരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പേയ്മെന്റ് ഓഫ് ബോണസ് ആക്ട് (ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ച് ബാധകമാകുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അർഹമായ ബോണസ് ലഭിച്ചിട്ടുണ്ടെന്ന് തൊഴിൽ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഇരുന്നൂറ്റി എൺപത്തിയാറ് ബോണസ് തർക്കങ്ങളാണ് ഇതുവരെ തൊഴിൽ വകുപ്പിന് ലഭിച്ചിട്ടുള്ളത്. അതിൽ നൂറ്റി പത്ത് ബോണസ് തർക്കങ്ങൾ പരിഹരിച്ചു. ശേഷിക്കുന്ന തർക്കങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്ത് ഓണത്തിന് മുമ്പ് തൊഴിലാളികൾക്കുള്ള ബോണസ് ലഭിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ ലേബർ കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ എൽ.പി.ജി. സിലിണ്ടർ ട്രക്ക് ജീവനക്കാർക്കുള്ള ബോണസ്സും, കയർ ഫാക്ടറി തൊഴിലാളികളുടെ ബോണസ്സും, ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളുടെ തൊഴിലാളികളുടെ ബോണസ്സും, ഏഷ്യാനെറ്റ് സാറ്റ്കോം ജീവനക്കാരുടെ ബോണസ്സും ഇതിനോടകം നിശ്ചയിച്ചിട്ടുണ്ട്. കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ ബോണസ്സും അതുപോലെ തന്നെ ടെക്സ്റ്റൈൽ മിൽ തൊഴിലാളികളുടെ ബോണസ്സും തീരുമാനിക്കുന്നതിന് വേണ്ടി ഞാൻ പങ്കെടുത്തുകൊണ്ട് വ്യവസായ ബന്ധ സമിതി യോഗങ്ങൾ ചേരുന്നുണ്ട്. സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൽകി വരുന്ന എക്സ് ഗ്രേഷ്യാ ധനസഹായം ഇത്തവണയും വിതരണം ചെയ്യുന്നതാണ്. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ നാലായിരത്തി അഞ്ഞൂറ്റി അറുപത്തിയൊന്ന് തൊഴിലാളികൾക്ക് രണ്ടായിരം രൂപ വെച്ച് തൊണ്ണൂറ്റിയൊന്ന് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയും പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയൊമ്പത് തൊഴിലാളികൾക്ക് രണ്ടായിരം രൂപ നിരക്കിൽ അമ്പത്തിയൊന്ന് ലക്ഷത്തി മുപ്പത്തിയൊന്നായിരം രൂപയും പൂട്ടിക്കിടക്കുന്ന കയർ സ്ഥാപനങ്ങളിലെ മൂവായിരത്തി മുന്നൂറ്റി പത്ത് തൊഴിലാളികൾക്ക് രണ്ടായിരം രൂപ നിരക്കിൽ അറുപത്തിയാറ് ലക്ഷത്തി ഇരുപതിനായിരം രൂപയും ചേർത്ത് ആകെ രണ്ട് കോടി എട്ട് ലക്ഷത്തി എൺപതിനായിരം രൂപയുടെ ഭരണാനുമതിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. അതുപോലെ ഒന്നോ അതിലധികമോ വർഷമായി പൂട്ടിക്കിടക്കുന്ന നാന്നൂറ്റി ഇരുപത്തിയഞ്ച് കശുവണ്ടി ഫാക്ടറികളിലെ പതിമൂവായിരത്തി എണ്ണൂറ്റി മുപ്പത്തിയഞ്ച് തൊഴിലാളികൾക്ക് എക്സ് ഗ്രേഷ്യാ ധനസഹായവും പത്ത് കിലോ ഗ്രാം അരി വിതരണം ചെയ്യുന്നതിനുമായി മൂന്ന് കോടി പതിനൊന്ന് ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ്റി അമ്പത് രൂപ അനുവദിക്കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ റേഷൻ കാർഡ് ഉടമകളായ രണ്ടായിരത്തി ഒരുന്നൂറ്റി നാൽപത്തിയൊമ്പത് ഗുണഭോക്താക്കൾക്ക് ആയിരം രൂപ വിലമതിക്കുന്ന ഓണം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്യുന്നതിനായി ഇരുപത്തിയേഴ് ലക്ഷത്തി അമ്പത്തിയാറായിരത്തി മുന്നൂറ്റി ഏഴ് രൂപ അനുവദിക്കും. പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, മത്സ്യം, ഖാദി, കൈത്തറി, ഈറ്റ, പനമ്പ്, ബീഡി ആന്റ് സിഗാർ, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളിലെ മൂന്ന് ലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി ഇരുന്നൂറ്റി എൺപത്തി നാല് തൊഴിലാളികൾക്കായി ഇൻകം സപ്പോർട്ട് സ്കീം പ്രകാരം തുക വിതരണം ചെയ്യുന്നതിനായി അമ്പത് കോടി രൂപ അനുവദിക്കും. തൊഴിലാളികൾക്ക് ഓണവുമായി ബന്ധപ്പെട്ട് നൽകി വരുന്ന ആനുകൂല്യങ്ങൾ ഓണത്തിന് മുമ്പ് തന്നെ അവരുടെ കൈകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.